ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 19-ാമത് “എഫര്വെസന്സ് ദി ഡിസൈന്‍ കളക്ഷന്‍’’ 2026 ഇന്ന് വൈകുന്നേരം നാലിന് കോളജിലെ വില്യം ഹാളില്‍ നടക്കും. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ തങ്ങളുടെ പഠനഭാഗമായി വ്യത്യസ്തവിഷയങ്ങളെ ആസ്പദമാക്കി അഞ്ച് വസ്ത്രങ്ങള്‍ വീതം സ്വയംരൂപകല്പന ചെയ്ത് അതിനുതകുന്ന ആഭരണങ്ങളും മറ്റും അണിഞ്ഞുള്ള പ്രദര്‍ശനമാണ് എഫര്വെസന്സ്.
റിട്രോ റീമിക്സ്, ലൂം ആന്‍ഡ് ലെയിന്‍, അപ്പ്സൈക്ലിംഗ്, ഗോള്ഡന്ഹവര്, അര്ബന്ഫാഷന്, റൂട്ട്റീബോണ്, ഇമ്പ്രസ് ഓഫ് സില്‍ക്ക് റൂട്ട് തുടങ്ങിയവിഷയങ്ങളെ ആസ്പദമാക്കി ദൃശ്യവിസ്മയങ്ങളായ വസ്ത്രാവിഷ്കാരങ്ങള് ഈ പ്രദര്‍ശനത്തില്‍ അരങ്ങേറും.
വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് പ്രഫഷണല്‍ മോഡലുകള്‍ റാമ്പില്‍ ചുവടുവയ്ക്കുമ്പോള്‍ ഫാഷന്‍ മേഖലയുടെ പുതിയ സാധ്യതകള്‍ അസംപ്ഷന്‍ വിദ്യാര്‍ഥിനികള്‍ക്കായി ഒരുങ്ങുന്നു.
ഫാഷനില്‍ ബിരുദ, ബിരുദാനന്തര പഠനത്തിനായെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് കാമ്പസ് ഇന്റര്‍വ്യൂകളിലൂടെ നല്ല തൊഴിലവസരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം വരുമാനം ആര്‍ജിക്കാവുന്ന പലതരത്തിലുള്ള ഉദ്യമങ്ങൾ വിദ്യാര്‍ഥിനികളെ ഭാവിയില്‍ നല്ല സംരഭകരാക്കി തീര്‍ക്കുന്നു.
പ്രിന്‍സിപ്പല്‍ ഡോ. റാണിമരിയ തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന എഫര്വെസന്സ്- 2026, പ്രമുഖ കോസ്റ്റ്യൂംഡിസൈനറും 67-ാമത് ദേശീയ അവാര്‍ഡ് ജേതാവുമായ സുജിത്ത് സുധാകരന് ഉദ്ഘാടനം ചെയ്യും.